പാലാവയൽ: കാലവർഷം കനത്തതോടെ കിടന്നുറങ്ങാൻ ഒരു വീടില്ലാതെ പട്ടികജാതി പട്ടികവർഗ കുടുംബം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട കുണ്ടാരം ഉന്നതിയിലെ കിഴക്കേപുതിയവീട്ടിൽ ശശിയും ഭാര്യ സിന്ധുവും പ്രായപൂർത്തിയായ രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് ചൊർന്നൊലിക്കുന്ന ഓലപ്പുരയിൽ അന്തിയുറങ്ങുന്നത്.
ചുമരലുകൾക്കു പകരം ഗ്രീൻ നെറ്റ് വലിച്ചുകെട്ടിയിരിക്കുന്നു. മേൽകൂരയോ തറയോ ഇല്ല. നാലു മരതൂണുകളിൽ കമ്പുകൾ വച്ചു കെട്ടി അതിൻമേൽ ഓലകളും പ്ലാസ്റ്റിക് ഷീറ്റുകളും വിരിച്ചാണ് കഴിഞ്ഞുവന്നിരുന്നത്. 10 വർഷം മുമ്പ് നിർമിച്ച വീട് കാലപഴക്കത്താൽ ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ശശിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള ഏഴു സെന്റ് സ്ഥലത്താണ് ഇവർ താമസിക്കുന്നതെങ്കിലും വസ്തു ഇവരുടെ പേരിൽ രജസ്റ്റർ ചെയ്തു കൊടുത്തിരുന്നില്ല. അതിനാൽ സർക്കാർ ആനുകൂല്യത്തിൽ വീട് പണിയാനോ മറ്റ് ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു ശശിയുടെ കുടുംബം.
ഈ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ ഏതാനും ആളുകളുടെ ശ്രമഫലമായി മൂന്നു സെന്റ് സ്ഥലം ഈ കുടുംബത്തിന്റെ പേരിൽ രജിസ്റ്റർ ആക്കിയിട്ടുണ്ട്.
സ്ഥലം സ്വന്തമായതിനെ തുടർന്ന് ഒരു വീടിനായി പല സർക്കാർ ഏജൻസികളെയും സമീപിച്ചെങ്കിലും ഫണ്ടില്ല എന്ന കാരണത്താൽ നിരസിക്കുകയാണെന്ന് ശശി പറഞ്ഞു. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ സ്വകാര്യവ്യക്തി ഇന്നലെ പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി നൽകിയിട്ടുണ്ട്. അതു പയോഗിച്ച് വീടിന്റെ മേൽക്കൂര കെട്ടി ചോർന്നൊലിക്കുന്നത് തടയാനുള്ള ഒരുക്കത്തിലാണ് ശശി.